Monday, July 13, 2020




മാലിന്യ നിക്ഷേപം - (ചെറുകഥ)
പ്രൊഫ.(ഡോ) ഫിലിപ്പോസ് ജോഷ്വ



       രാവിലെ വർത്തമാനപത്രം എടുക്കാൻ  മുറ്റത്തിറങ്ങിയപ്പോളാണ് അവിടെ എന്തോ കിടക്കുന്നത് കണ്ടത്.  സൂക്ഷിച്ച് നോക്കിയപ്പോൾ അവിടെ കുറെ മാലിന്യം ആരോ കൊണ്ടിട്ടിരിക്കുന്നു. രാവിലെ തന്നെ മനം മടുപ്പിക്കുന്ന കാഴ്ച! ഇന്നത്തെ ദിവസം തന്നെ വ്യർത്ഥമായിപ്പോയതുപോലെ തോന്നി. ഏതായാലും അതവിടെ നിന്ന് മാറ്റിയല്ലേ മതിയാകൂ എന്നു കരുതി വേഗം ചൂലെടുത്ത് അത് അടിച്ചു വാരി കളഞ്ഞു. അല്പം മടുപ്പോടെയാണെങ്കിലും തുടർന്ന് മറ്റ് ദിനചര്യകളിലേക്ക് കടന്നു. കുറേ കഴിഞ്ഞ് അക്കാര്യം മറക്കുകയും ചെയ്തു. എന്നാൽ പിറ്റേന്നും തുടർന്നുള്ള പലദിവസങ്ങളിലും ഇതാവർത്തിച്ചപ്പോൾ മനസ്സിന് വല്ലാത്ത അസ്വസ്ഥത തോന്നി. അടുത്ത ദിവസം മാലിന്യത്തിന്റെ കൂടെ ഒരു ചെറിയ കവർ കിടക്കുന്നത് കണ്ട് എടുത്ത് നോക്കിയപ്പോൾ അതിനകത്ത് ഒരു കടലാസ് മടക്കി വച്ചിരിക്കുന്നു. തുറന്നു നോക്കിയപ്പോൾ ഒരു ചെറിയ കുറിപ്പ്. “സോറി, പറയാൻ വിട്ടുപോയി, വീട്ടിൽ നല്ല ചൂല് കാണുമല്ലോ. അടിച്ചു വാരി കളഞ്ഞേക്കൂ.”  അപ്പോൾ ഈ മാലിന്യ നിക്ഷേപകനോട് കൂടുതൽ ദേഷ്യമാണ് തോന്നിയത്.
        എന്തായാലും ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ഇവനെ പിടിച്ചിട്ടുതന്നെ കാര്യം എന്ന് നിശ്ചയിച്ചുറപ്പിച്ചു. പിറ്റേന്ന് വെളുപ്പിന് തന്നെ എഴുന്നേറ്റ് ഗേറ്റിനടുത്ത് ഒളിച്ചിരുന്നു. കുറേ കഴിഞ്ഞ് ഒരാൾ നടന്നു വരുന്നതു കണ്ടു. കയ്യിലൊരു പ്ളാസ്റ്റിക് കവറുമുണ്ട്. ഗേറ്റിനടുത്ത് വന്നതും ചുറ്റുമൊന്നു നോക്കി ആരുമില്ലെന്നുറപ്പുവരുത്തി കവർ അകത്തോട്ടൊറ്റയേറ്. പെട്ടെന്ന് ഞാൻ ചാടി അവനെ പിടി കൂടി അവൻ കുതറി മാറാൻ ശ്രമിച്ചെങ്കിലും ഞാൻ ഒന്നു കൂടി പിടി മുറുക്കി. അപ്രതീക്ഷിതമായിരുന്നതു കൊണ്ട് അവന് രക്ഷപെടാൻ സാധിച്ചില്ല. ആരാണെന്നറിയാൻ നോക്കിയിട്ട്, മാസ്ക് വച്ചിട്ടുള്ളതുകൊണ്ട് അതിനും കഴിഞ്ഞില്ല. എന്തായാലും ഇവനെ വെറുതെ വിട്ടിട്ട് കാര്യമില്ലെന്നുറച്ച് മുഖമടച്ച് ഒറ്റ ഇടി വച്ചു കൊടുത്തു.

       
കൈ ശക്തിയായി വേദനിച്ചപ്പോളാണ് പെട്ടെന്ന് ഞെട്ടിയുണർന്നത്. ഇടി ഭിത്തിയിലാണ് ഏറ്റതെന്നും ഇതുവരെ കണ്ടതെല്ലാം സ്വപ്നമായിരുന്നെന്നും അപ്പോൾ മനസ്സിലായി. എങ്കിലും സ്വപ്നത്തിൽ കണ്ട ആളിന് തന്റെ സ്നേഹിതന്റെ സാദൃശ്യമാണെന്നും മനസ്സിലായി.  ഇപ്പോഴാണ് തന്റെ തലയിൽ വെളിച്ചമുദിച്ചത്.
        കുടുംബം, ഓഫീസ്, താമസസ്ഥലം, സ്നേഹിതർ ഇതെല്ലാമായി ബന്ധപ്പെട്ട് അഞ്ചാറ് വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാണ് ഞാനും.  കിട്ടുന്ന പോസ്റ്റുകളെല്ലാം എല്ലാഗ്രൂപ്പിലേക്കും അപ്പപ്പോൾ ഫോർവേർഡ് ചെയ്യാറുണ്ട്. നല്ലതെന്നോ ചീത്തയെന്നോ നോക്കാറില്ല.  എന്റെ ഈ സ്നേഹിതൻ പല പ്രാവശ്യം എന്നോട് ആവശ്യപ്പെട്ടതാണ് ഇങ്ങനെ കിട്ടുന്നതെല്ലാം ഫോർവേർഡ് ചെയ്യരുതെന്ന്. അപ്പോഴൊക്കെ തന്റെ മറുപടി ഒന്നു തന്നെയായിരുന്നു. വാട്സാപ്പിൽ ഡിലീറ്റ് ഓപ്ഷനുണ്ടല്ലോ, അങ്ങ് ഡിലീറ്റ് ചെയ്തു കളഞ്ഞേക്കൂ എന്ന്. 
        സ്വപ്നത്തിലാണെങ്കിലും തന്റെ സ്നേഹിതൻ പറഞ്ഞ " വീട്ടിൽ നല്ല ചൂല് കാണുമല്ലോ. അടിച്ചു വാരി കളഞ്ഞേക്കൂ" എന്ന പ്രയോഗത്തിന്റെ സാംഗത്യം അല്പം  വേദനിച്ചിട്ടായാലും എന്റെ തലയിലുദിച്ചു.  ഇടി സ്വപ്നത്തിലായിരുന്നെങ്കിലും കൊണ്ടത് ഭിത്തിയിലായതുകൊണ്ട്  കൈ നന്നായി വേദനിച്ചു എന്നുള്ളതാണ് സത്യം!  അതുകൊണ്ട് ഇനി മുതൽ വാട്സാപ്പ് ഉത്തരവാദിത്തബോധത്തോടെ ഉപയോഗിക്കാൻ ഞാനും തീരുമാനിച്ചു. എനിക്കുമുണ്ടല്ലോ ഡിലീറ്റ് ഓപ്ഷൻ!

****